Image Credit - Twitter
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൂറ്റൻ തൂണുകളിൽ ഉറപ്പിച്ച പാലം തകർന്ന് കിടക്കുന്നതിന്‍റ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ന് രാവിലെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലുമാണ് പാലം തകർന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ബന്ദ ജില്ലയിലെ ചില്ല സ്വദേശികളായ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), ഭുരഗഢ് സ്വദേശി സാവന്ത് യാദവ് (28), സഭജീത് (30), ഹമീർപൂരിലെ സ്വസ ഖുർദിൽ നിന്നുള്ള പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34) അച്ച്പുരയിൽ നിന്നുള്ള രാജേഷ് പാൽ (42) എന്നിവരാണ് മരിച്ച തൊഴിലാളികൾ. ലാൽപുരയിലെ മൊറകന്ദർ പർസാനി ഗ്രാമത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കുരാര പ്രദേശത്തെ നൈതി ഗ്രാമവുമായി ബന്ധിപ്പിക്കുന്നതനായി ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലമാണ് തകർന്നത്. ബുധനാഴ്ച രാത്രി വൈകി ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് പാലത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു.
