ജനശ്രദ്ധയാകർഷിച്ച നെൻമാറ ഇരട്ടക്കൊലക്കേസിൽ നിർണായക സാക്ഷിമൊഴികൾ അപ്പാടെ നിഷേധിച്ച് പ്രതി ചെന്താമര. കേസിന്റെ അന്തിമ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കിയ 46 സാക്ഷികളുടെ മൊഴികളാണ് പ്രതി പൂർണ്ണമായും തള്ളിക്കളഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് പ്രതിയെ നേരിൽ കണ്ടു എന്നതുൾപ്പെടെയുള്ള സുപ്രധാന സാക്ഷിമൊഴികളാണ് ചെന്താമര കോടതിയിൽ നിഷേധിച്ചത്.
കേസിൽ പ്രതിയെ സാക്ഷിമൊഴികൾ വായിച്ചുകേൾപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ കോടതിയിൽ പുരോഗമിക്കുന്നത്. ആകെ 81 സാക്ഷികളുള്ള കേസിൽ ആദ്യഘട്ടമായി 46 പേരുടെ മൊഴികളാണ് പ്രതിയെ വായിച്ചുകേൾപ്പിച്ചത്. ഇതിന് പിന്നാലെ ഈ മൊഴികളിൽ തന്റെ വിശദീകരണം എന്താണെന്ന കോടതിയുടെ ചോദ്യത്തിന്, സാക്ഷികൾ പറയുന്നതൊന്നും സത്യമല്ലെന്ന വാദത്തിൽ പ്രതി ഉറച്ചുനിൽക്കുകയായിരുന്നു.
കഴിഞ്ഞ 2025 ജനുവരി 27-നാണ് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലപാതകം നടന്നത്. കേസിന്റെ അന്തിമ വിചാരണാ നടപടികളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ ഈ മൊഴിമാറ്റവും നിഷേധവും വരും ദിവസങ്ങളിൽ കേസിനെ എങ്ങനെ ബാധിക്കുമെന്നാണ് നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. കേസിലെ ബാക്കി സാക്ഷികളുടെ മൊഴികൾ വായിച്ചുകേൾപ്പിക്കുന്ന നടപടികൾ വരും ദിവസങ്ങളിലും തുടരും.
