സിബിഎസ്ഇ (CBSE) പരീക്ഷകളുടെ മൂല്യനിർണയത്തിനായി കൊണ്ടുവന്ന ഒഎസ്എം (ഓണ് സ്ക്രീൻ മാർക്കിങ്) സംവിധാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ (NSUI) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജി ഈ മാസം 12-ന് കോടതി വീണ്ടും പരിഗണിക്കും.
പരീക്ഷണ ഘട്ടത്തിൽ തന്നെ വൻ പരാജയമെന്ന് തെളിഞ്ഞ ഒഎസ്എം സംവിധാനം, സിബിഎസ്ഇ ധൃതിപ്പിടിച്ച് നടപ്പാക്കുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്ലസ്ടു പരീക്ഷയ്ക്ക് വെറും ഒരു മാസം മുൻപ് മാത്രമാണ് ദില്ലിയിലെ പ്രമുഖ സ്കൂളുകളിൽ ഈ പരിഷ്ക്കരണത്തിനായുള്ള ട്രയൽ റൺ നടത്തിയത്.
സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവടങ്ങളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെയാണ് ട്രയൽ റണ്ണിന്റെ മേൽനോട്ടത്തിനായി നിയോഗിച്ചിരുന്നത്. ഉത്തക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതിയാണ് ഇവർ പരീക്ഷിച്ചു നോക്കിയത്.
എന്നാൽ പരീക്ഷണത്തിന്റെ തുടക്കത്തിൽ തന്നെ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങളാണ് ഈ സംവിധാനത്തിൽ ഉയർന്നുവന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഈ പരിഷ്കാരം കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയതിനെതിരെയാണ് ഇപ്പോൾ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി.
ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിർദ്ദേശവും സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും അംഗീകരിച്ചില്ല. പരീക്ഷ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്.
