കുവൈത്തിന്റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് (ICAO) കുവൈത്ത് രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് കത്ത് കൈമാറിയത്. ഇറാന്റെ നടപടികൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണെന്നും യാത്രക്കാർ, വിമാന കമ്പനികൾ, വിമാനത്താവള ജീവനക്കാർ എന്നിവരുടെ സുരക്ഷയ്ക്ക് ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബുധനാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1 കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വൻ സാമ്പത്തിക നാശനഷ്ടങ്ങളും സംഭവിച്ചതായി അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത് യാത്രക്കാരുടെയും വിമാന ഗതാഗതത്തിന്റെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും ഐകാവോയെ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഉണ്ടായ ആദ്യ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ടെർമിനൽ-1 അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ സർവീസ് തുടങ്ങി വെറും 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള വ്യോമാതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും, ആക്രമണത്തിന് ഉത്തരവാദികളായവരെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
കുവൈത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, വ്യോമാതിർത്തി, സിവിലിയൻ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന എല്ലാ അവകാശങ്ങളും രാജ്യം നിലനിർത്തുന്നുവെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കത്തിലൂടെ വ്യക്തമാക്കി.
