കൽപറ്റ: വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ കൽപറ്റയിൽ അടിയന്തര ഉന്നതതലയോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രി നിർദേശം നൽകി. സാഹചര്യം നേരിട്ട് വിലയിരുത്താനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. നിലവിൽ 25 വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും, 38 വിദ്യാർത്ഥികൾ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂൾ തുറന്നതിന് പിന്നാലെ കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഈ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 14 പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ വയനാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് പ്രത്യേക യോഗം ചേരും. മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ കിണറുകൾ സ്പെഷ്യൽ ഡ്രൈവിലൂടെ ക്ലോറിനേഷൻ ചെയ്യാനും, രോഗബാധിതരായ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാൽ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്‌കൂളുകളിൽനിന്നുള്ള ജലപരിശോധനയിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരുടെ കുടലിലേക്ക് പടരുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗല്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ വ്യാപിക്കുന്ന രോഗമായതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
