ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇന്ധനം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. വ്യവസായ-വാണിജ്യ സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് പെട്രോളും ഡീസലും വാങ്ങുന്നത് സർക്കാർ വിലക്കി. പൊതുജനങ്ങൾക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. തുടക്കത്തിൽ 90 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെങ്കിലും, ആവശ്യമെങ്കിൽ കാലാവധി നീട്ടിയേക്കും.
റീട്ടെയിൽ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം മുതലെടുത്ത് വൻകിട ഉപഭോക്താക്കൾ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങിക്കൂട്ടുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഇടപെടൽ. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ സ്ഥാപന ആവശ്യങ്ങൾ എന്നിവയ്ക്കായി ഇനി പെട്രോൾ പമ്പുകളെ ആശ്രയിക്കാൻ കഴിയില്ല. പകരം ഇവർ അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങൾ വഴിയോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ ഇന്ധനം കണ്ടെത്തണം.
റീട്ടെയിൽ, ബൾക്ക് വിലകൾ തമ്മിലുള്ള വലിയ വ്യത്യാസമാണ് വൻകിടക്കാരെ റീട്ടെയിൽ പമ്പുകളിലേക്ക് ആകർഷിച്ചത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില്പനയിൽ അസാധാരണമായ വർദ്ധനവിന് കാരണമായതായി സർക്കാർ വിലയിരുത്തുന്നു. ഉദാഹരണത്തിന്, ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ലിറ്ററിന് 95.20 രൂപയ്ക്കാണ് ഡീസൽ വ്‌വിൽക്കുന്നത്. എന്നാൽ ബൾക്ക് വ്‌വിൽപന വില ലിറ്ററിന് 134.50 രൂപയോളമാണ്. ഈ ലാഭം മുൻനിർത്തിയാണ് സ്ഥാപനങ്ങൾ പമ്പുകളെ ആശ്രയിച്ചിരുന്നത്.
ഡീസൽ വിതരണത്തിന് പുതിയ വ്യവസ്ഥകൾ:
വൻകിടക്കാർ പമ്പുകളിൽ നിന്ന് കാനുകളിലും മറ്റും ഇന്ധനം കൊണ്ടുപോകുന്നത് തടയാൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഡീസൽ വാങ്ങുന്നതിനും പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിട്ടുണ്ട്:
-
പ്രത്യേക പാത്രങ്ങൾക്ക് മാത്രം അനുമതി: വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ, അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക പാത്രങ്ങളിലേക്കോ മാത്രമേ ഇനി ഡീസൽ നൽകൂ.
-
ദിനപരിധി 200 ലിറ്റർ: ഒരു ഉപഭോക്താവിനോ അല്ലെങ്കിൽ ഒരു വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ പമ്പുകളിൽ നിന്ന് ലഭിക്കൂ.
-
മറിച്ചുവിൽപനയ്ക്ക് വിലക്ക്: പമ്പുകളിൽ നിന്ന് റീട്ടെയിൽ വിലയ്ക്ക് വാങ്ങുന്ന ഡീസൽ യാതൊരു കാരണവശാലും ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കാൻ പാടില്ല. വഴിവിട്ട വിൽപനകൾ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകും.
