താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക് കുറിപ്പിലുള്ളത്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും കുറിപ്പിൽ പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നു. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു. പടിയിറങ്ങൽ പിന്മാറ്റം അല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല വിശ്വാസയോഗ്യതയാണെന്നും രേവതി പറയുന്നു. നിലവിൽ അമ്മയിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് നടിമാരുടെ രാജി.
