Img credit - District
‘റോഷാക്ക്’ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ (I Nobody) റിലീസിന് തയ്യാറെടുക്കുന്നു. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വരും വ്യാഴാഴ്ച (ജൂലൈ 9) തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. സെൻസർ ബോർഡിന്റെ യു/എ (U/A) സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ‘ഐ നോബഡി’ക്കുണ്ട്.
മൊത്തം എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ ബോളിവുഡ് ഹിറ്റ് സിനിമയായ ‘ധുരന്ധറി’ൽ പാടിയ സുധീർ യദുവംശി, പ്രശസ്ത റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച “ആന്തം ഓഫ് നോബഡി” എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. സിദ് കൗശാലാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
‘റോഷാക്കി’ലൂടെ മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിച്ച നിസാം ബഷീറും പൃഥ്വിരാജ്-പാർവതി കോമ്പോയും ഒന്നിക്കുമ്പോൾ തിയേറ്ററുകളിൽ മറ്റൊരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
