കൊച്ചി: വിവാഹജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള പരസ്പര ധാരണയ്ക്കും ബഹുമാനത്തിനും വലിയ പ്രാദ്യന്യമുണ്ടെന്ന് മനസ്സ് തുറന്ന് നടി സ്വാസിക. ജെഎഫ്ഡബ്ല്യൂ (JFW) യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെക്കുറിച്ചും മുൻപ് തകർന്ന പ്രണയത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞത്.
താൻ എപ്പോഴും ലുക്കിന് വലിയ വില നൽകുന്ന ആളാണെന്നും പലർക്കും അത് തെറ്റായി തോന്നാമെങ്കിലും തന്റെ കാഴ്ചപ്പാടിൽ അതാണ് ശരിയെന്നും സ്വാസിക വ്യക്തമാക്കുന്നു.
സൗന്ദര്യമുള്ള പുരുഷൻ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു
“ഫാന്റസിയും റിയാലിറ്റിയും ചേർന്നാണ് ഞാൻ എപ്പോഴും ചിന്തിക്കാറുള്ളത്. ലുക്ക് നോക്കാറില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല. ലുക്കിൽ ഒന്നുമില്ല, മനസ്സാണ് നോക്കേണ്ടത് എന്ന് പലരും പറയാറുണ്ട്. അത് സത്യമായിരിക്കാം, പക്ഷേ എനിക്ക് എപ്പോഴും ലുക്കും പ്രധാനമാണ്. എനിക്ക് വരുന്ന ആൾ നല്ല സൗന്ദര്യമുള്ള ഒരാളായിരിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. സ്വപ്നം കാണുന്നതിന് ആർക്കും നിയന്ത്രണമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ‘ഓം നമശ്ശിവായ’ സീരിയലിലൊക്കെ കാണുന്നതുപോലെ നല്ല ലുക്കുള്ള ഒരാൾ വരണമെന്നായിരുന്നു എന്റെ പ്രാർത്ഥന,” സ്വാസിക പറയുന്നു.
ഒരു പുരുഷന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മനസ്സാണെന്നും സ്ത്രീ-പുരുഷ ഭേദമന്യേ മനുഷ്യരെയും അവരുടെ വികാരങ്ങളെയും വിലമതിക്കാൻ കഴിയണമെന്നും സ്വാസിക കൂട്ടിച്ചേർത്തു. കൂടാതെ തന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരെപ്പോലെ കണ്ട് അവർക്കായി സമയം മാറ്റിവെക്കുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്നും നടി ആഗ്രഹം പ്രകടിപ്പിച്ചു.
മുൻപ് ഉണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് സ്വാസിക:
തനിക്ക് മുൻപ് ഉണ്ടായിരുന്ന ഒരു റിലേഷൻഷിപ്പ് അവസാനിക്കാനുണ്ടായ കാരണവും താരം അഭിമുഖത്തിൽ പങ്കുവെച്ചു:
“എനിക്ക് ഇതിന് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു. അത് എന്റെ തെറ്റായ ചോയ്സ് ആയിരുന്നില്ല. അദ്ദേഹം നല്ല സൗന്ദര്യമുള്ള, മറ്റുള്ളവരെ ബഹുമാനിക്കുന്ന, നന്നായി സംസാരിക്കുന്ന വ്യക്തിയായിരുന്നു. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ വന്നപ്പോൾ പ്രണയവും കുടുംബവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ കുടുംബപ്രശ്നങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തി. അങ്ങനെയാണ് അദ്ദേഹം എന്നിൽ നിന്നും അകന്നുപോയതും ആ ബന്ധം അവസാനിച്ചതും. അതൊരിക്കലും എന്റെ തെറ്റായ തീരുമാനം ആയിരുന്നില്ല.”
ഒരു നല്ല വിവാഹജീവിതം മുന്നോട്ട് പോകാൻ പരസ്പരം മനസ്സിലാക്കൽ വളരെ പ്രധാനമാണെന്നും അത് രണ്ടുപേരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പറഞ്ഞാണ് സ്വാസിക വാക്കുകൾ അവസാനിപ്പിച്ചത്.
