തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവൻ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സി.യും (LIC) സംയുക്തമായാണ് ഈ സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് ക്യാമ്പയിൻ വഴിയാണ് ഇത്രയധികം അംഗങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വെറും 200 രൂപ വാർഷിക പ്രീമിയമുള്ള ഈ പോളിസിയുടെ കാലാവധി 2027 മാർച്ച് 31 വരെയാണ്.
അയൽക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരു അംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 18 മുതൽ 74 വയസ്സ് വരെ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾക്കാണ് ഇതിൽ പങ്കാളികളാകാൻ സാധിക്കുക. പ്രായപരിധി അനുസരിച്ചാണ് മരണാനന്തര ആനുകൂല്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 51 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് 80,000 രൂപയും, 61 മുതൽ 70 വരെ 30,000 രൂപയും, 71 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് 25,000 രൂപയുമാണ് സ്വാഭാവിക മരണത്തിൽ ലഭിക്കുന്ന ആനുകൂല്യം.
അപകട മരണമാണ് സംഭവിക്കുന്നതെങ്കിൽ ഈ തുകയ്ക്ക് പുറമേ പ്രത്യേക അപകട ആനുകൂല്യവും അവകാശികൾക്ക് ലഭിക്കുന്നതാണ്. ഇത് പ്രകാരം 18 മുതൽ 50 വയസ്സ് വരെയുള്ള അംഗങ്ങൾക്ക് 1,20,000 രൂപയും, 51 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഒരു ലക്ഷം രൂപയും, 61 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് 60,000 രൂപയും അധികമായി ലഭിക്കും. സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങൾക്ക് വലിയൊരു സാമ്പത്തിക സുരക്ഷിതത്വമാണ് ഇതിലൂടെ കൈവരുന്നത്.
അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരു അംഗം മരണപ്പെട്ടാൽ, ആ വ്യക്തിയുടെ സാമ്പത്തിക ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം മുൻപുണ്ടായിരുന്നു. എന്നാൽ ഈ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നതോടെ ആ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്റെ പേരിലുള്ള വായ്പാ തുക ഇൻഷുറൻസ് തുകയിൽ നിന്നും അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. വായ്പ കിഴിച്ചുള്ള ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്ക് ലഭ്യമാക്കുകയും ചെയ്യും. 2020-21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഈ പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇൻഷുറൻസ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
