Image Credit - Nestle professional india
കൊല്ലം: ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലി വിവാഹവിരുന്നിൽ വൻ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിനിടയിൽ വധു കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹശേഷം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിനിടയായിരുന്നു അനിഷ്ട സംഭവങ്ങളുടെ തുടക്കം. വധുവിന്റെ ബന്ധുക്കളായ ചിലർ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുപോയെന്ന് കാറ്ററിംഗ് ജീവനക്കാർ അറിയിച്ചു. ഇതോടെ പ്രകോപിതരായ ബന്ധുക്കൾ ഐസ്‌ക്രീം സൂക്ഷിച്ച ബോക്സ് ബലമായി തുറന്ന് എടുക്കാൻ ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്. വാക്കുതർക്കം പിന്നീട് ഓഡിറ്റോറിയത്തെ യുദ്ധക്കളമാക്കിയ കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു.
രാവിലെ വിവാഹസമയത്ത് തന്നെ ഇരുവിഭാഗവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ തുടക്കത്തിലുണ്ടായ തർക്കങ്ങളുടെയും ഈഗോയുടെയും തുടർച്ചയാണ് വൈകിട്ട് ഐസ്‌ക്രീമിന്റെ പേരിൽ കൂട്ടയടിയിൽ കലാശിച്ചതെന്ന് ആക്ഷേപമുണ്ട്. കൂടുതൽ ആളുകൾ പ്രശ്നത്തിൽ ഇടപെട്ടതോടെ സ്ഥിതി കൈവിട്ടുപോവുകയായിരുന്നു. ഓഡിറ്റോറിയത്തിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
