തിരുവനന്തപുരം: കിളിമാനൂരില് വൻ ആസൂത്രണത്തോടെ നടത്തിയ സിനിമ സ്റ്റൈൽ തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെ അഞ്ച് പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ കിളിമാനൂർ സ്വദേശി അനിൽകുമാർ, മകൻ അച്ചു എന്നിവർ വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽകുമാറിന്റെ കൈ തല്ലിയൊടിച്ച അക്രമിസംഘം, പ്ലെയർ ഉപയോഗിച്ച് മകൻ അച്ചുവിന്റെ വിരലുകൾ ഞെരിച്ചുടക്കുകയും ചെയ്തു. അനിൽ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തതിലുള്ള വിരോധമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ, നിർമ്മാണം നടക്കുന്ന ഒരു വീട്ടിലെ സൗണ്ട് പ്രൂഫ് മുറിയിൽ എത്തിച്ചാണ് ക്രൂരത അഴിച്ചുവിട്ടത്. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു മർദ്ദനം. തുടർന്ന് അനിൽകുമാറിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ അച്ചുവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
സഹോദരിയെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി മകൻ അച്ചു മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പക്കൽ ബോംബ് ഉണ്ടെന്നും അത് ദേഹത്ത് വച്ചുകെട്ടി കൊന്നുകളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി അച്ചു വ്യക്തമാക്കി.
അച്ഛനെയും മകനെയും തടങ്കലിലാക്കിയ ശേഷം അനിൽകുമാറിന്റെ ഭാര്യയെക്കൂടി തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ വിവരം അറിഞ്ഞ് പൊലീസ് സമയോചിതമായി ഇടപെട്ടതോടെയാണ് പ്രതികളുടെ വൻ ദുരന്തം ഒഴിവായതും പ്രതികൾ രക്ഷപ്പെട്ടതും. പ്രതികൾക്കായി തിരുവനന്തപുരം ഒട്ടാകെ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
