ടെഹ്റാൻ: ഇറാനു നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടർച്ചയായ ഏഴാം ദിവസവും ശക്തമായി തുടരുന്നു. ഇറാന്റെ മധ്യപ്രവിശ്യയായ യസ്ദ് നഗരത്തിൽ അഞ്ചോളം സ്ഫോടനങ്ങളാണ് ഇന്ന് ഉണ്ടായത്. ഇതിനു പുറമെ ബന്ദർ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകൾ കേന്ദ്രീകരിച്ചും യുഎസ് സേന വൻ ആക്രമണം അഴിച്ചുവിട്ടു. അതേസമയം, ഇറാനിൽ തങ്ങൾ വിജയവഴിയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ ആക്രമണത്തിന് നേരെ ഇറാനും ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ സേന ആക്രമണം നടത്തി. പ്രധാന പാതയ്ക്ക് പകരം ബദൽ പാതയിലൂടെ സഞ്ചരിക്കുന്നത് വൻ അപകടം ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ഇറാൻ സേന കപ്പലുകൾക്ക് നൽകിയിട്ടുണ്ട്.
അതിനിടെ, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘സിബിഎസ് ന്യൂസ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ അഞ്ച് പ്രധാന പാലങ്ങളും വൈദ്യുത നിലയവും ട്രെയിൻ സ്റ്റേഷനുകളും യുഎസ് ബോംബാക്രമണത്തിൽ തകർന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുഎസിനെ സഹായിക്കുന്ന കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ സേന പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന വൈദ്യുതി ഉൽപ്പാദന-ജലശുദ്ധീകരണ പ്ലാന്റ് തകരാറിലായതായാണ് വിവരം. പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
