ന്യൂഡൽഹി: വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനും ജി.എം.ആറിനും സ്വന്തമായി എയർലൈൻ സർവീസുകൾ ആരംഭിക്കാൻ വഴിയൊരുക്കി ചട്ടങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിലെ നിയമപ്രകാരം വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന കമ്പനികൾക്ക് എയർലൈനുകളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം പാടില്ലെന്ന നിബന്ധനയുണ്ട്. ഈ നിയമഭേദഗതിക്കാണ് വ്യോമയാന മന്ത്രാലയം ചർച്ചകൾ തുടരുന്നത്.
ഇന്ത്യൻ വ്യോമയാന മേഖലയിൽ ഇപ്പോൾ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും ആധിപത്യമാണ് നിലനിൽക്കുന്നത്. ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനവും കൈയാളുന്നത് ഈ രണ്ട് പ്രമുഖ കമ്പനികളാണ്. ജെറ്റ് എയർവേയ്‌സ്, ഗോ എയർ തുടങ്ങിയ കമ്പനികൾ സർവീസ് അവസാനിപ്പിച്ചത് വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഈ ആധിപത്യം അവസാനിപ്പിക്കാനും വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
2047-ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 350 ആയി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇത്രയധികം വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാകുമ്പോൾ കൂടുതൽ എയർലൈൻ കമ്പനികളുടെ സേവനം അത്യന്താപേക്ഷിതമായി വരും. നിയമമന്ത്രാലയത്തിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അംഗീകാരം ലഭിക്കുന്നതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
