മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളിൽ നിർണ്ണായക ഭേദഗതികളുമായി ബിസിസിഐ. ബോളിംഗ്, കോച്ചിംഗ്, വിക്കറ്റ് കീപ്പിംഗ് തുടങ്ങി വിവിധ മേഖലകളിൽ കർശനമായ നിയമങ്ങളാണ് ബിസിസിഐ നടപ്പിലാക്കുന്നത്. മേരിലേബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എല്ലാ സ്റ്റേറ്റ് അസോസിയേഷനുകൾക്കും ബിസിസിഐ ഇതുസംബന്ധിച്ച സർക്കുലർ കൈമാറിയിട്ടുണ്ട്.
പുതിയ സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ ഇവയാണ്:
-
മനപ്പൂർവ്വമുള്ള നോ-ബോളിന് കടുത്ത ശിക്ഷ: മനപ്പൂർവ്വം നോ-ബോൾ എറിയുന്ന ബോളർക്ക് മത്സരത്തിലെ ശേഷിക്കുന്ന മുഴുവൻ ദിവസങ്ങളിലും വിലക്ക് നേരിടേണ്ടി വരും. ആ മത്സരത്തിൽ പിന്നീട് പന്തെറിയാൻ ഇയാൾക്ക് അനുമതിയുണ്ടാകില്ല. മുൻപ് ആ ഇന്നിംഗ്സിൽ മാത്രമായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
-
അവസാന ഓവർ പൂർത്തിയാക്കണം: ദിവസത്തെ കളിയുടെ അവസാന ഓവറിൽ വിക്കറ്റ് വീണാലും ആ ഓവർ പൂർണ്ണമായി എറിഞ്ഞു തീർക്കണം. പുതിയ ബാറ്റ്സ്മാൻ ക്രീസിലേക്ക് വരുന്നത് ഒഴിവാക്കാൻ സമയം വൈകിപ്പിക്കുന്ന പ്രവണത തടയാനാണ് ഈ മാറ്റം.
-
അവസാന ഇന്നിംഗ്സിൽ ഡിക്ലറേഷൻ ഇല്ല: മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ടീമുകൾക്ക് ഇനിമുതൽ ഡിക്ലറേഷൻ ചെയ്യാനോ ഇന്നിംഗ്സ് വിട്ടുകൊടുക്കാനോ അനുവാദമില്ല. അനാവശ്യ ക്രമക്കേടുകൾ തടയാനും മത്സരത്തിന്റെ അന്തസ്സ് നിലനിർത്താനുമാണ് ഈ തീരുമാനം.
-
ഹെഡ് കോച്ചിന് കളത്തിലിറങ്ങാം: ആഭ്യന്തര ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ടീമിന്റെ ഹെഡ് കോച്ചിന് കളിക്കളത്തിലേക്ക് പ്രവേശിച്ച് തന്ത്രങ്ങൾ ഉപദേശിക്കാൻ അനുമതി നൽകി.
-
വിക്കറ്റ് കീപ്പിംഗ് നിയമത്തിൽ ഇളവ്: ബോളർ റൺ-അപ്പ് ആരംഭിക്കുമ്പോഴല്ല, മറിച്ച് പന്ത് എറിയുന്ന കൃത്യം ആ നിമിഷത്തിൽ മാത്രം വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിൽ ആയിരുന്നാൽ മതിയാകും.
ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി സംസ്ഥാന അസോസിയേഷനുകള്‍ അമ്പയര്‍മാരെയും മാച്ച് റഫറിമാരെയും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരിച്ച് വരികയാണ്. ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രോഗ്രാമുകളും സംഘടിപ്പിക്കും. സീസണ് ആരംഭിക്കാന്‍ ഏകദേശം ഒരു മാസം കൂടി ബാക്കിയുള്ളതിനാല്‍ ഈ മാറ്റങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
