ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകരോടുള്ള സമീപനം വലിയ രീതിയിൽ മാറിയിട്ടുണ്ടെന്നും അതിൽ തനിക്ക് ഏറെ സങ്കടമുണ്ടെന്നും നടി നവ്യ നായർ. പണ്ട് സ്കൂളിൽ നിന്ന് അധ്യാപകരുടെ തല്ലുകിട്ടിയെന്ന് വീട്ടിൽ ചെന്ന് പറഞ്ഞാൽ വീട്ടിൽ നിന്നും വീണ്ടും അടി കിട്ടുമായിരുന്നു. എന്നാൽ ഇന്ന് വിദ്യാർത്ഥിയെ തല്ലിയാൽ വീട്ടുകാർ ചെന്ന് അധ്യാപകരെ അടിക്കുന്ന അവസ്ഥയാണെന്ന് നവ്യ പറഞ്ഞു. വിദ്യാരത്ന അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
സ്കൂൾ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്കൂൾ ജീവിതത്തിലെ നല്ല കാര്യങ്ങൾ പറയാൻ തനിക്ക് മടിയാണെന്ന് നവ്യ നായർ വെളിപ്പെടുത്തി. “ഞാൻ ക്ലാസിൽ കയറാറില്ലായിരുന്നു, ഭയങ്കര ഉഴപ്പായിരുന്നു എന്നൊക്കെ പറയുന്ന കഥകൾ കേൾക്കാനാണ് കുട്ടികൾക്ക് ഇഷ്ടം. കാരണം അവർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് അതിനോടാണ്. എന്നാൽ ഞാൻ സ്കൂളിൽ എല്ലാ ക്ലാസിലും കയറുന്ന, ബാക്ക് ബെഞ്ചിലിരുന്ന് ടീച്ചർമാരെക്കൊണ്ട് നല്ലത് മാത്രം പറയിപ്പിക്കാൻ ആഗ്രഹിച്ച ഒരു കുട്ടിയായിരുന്നു,” നവ്യ പറഞ്ഞു.
ഒരു ക്രിസ്ത്യൻ മിഷണറി സ്കൂളിലായിരുന്നു തന്റെ പഠനം. അച്ഛൻ തന്ന ഉപദേശങ്ങളാണ് പഠനത്തിൽ തന്നെ സഹായിച്ചത്. അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങൾ അന്നുതന്നെ പഠിച്ചാൽ പരീക്ഷ എളുപ്പമായിരിക്കുമെന്ന് അച്ഛൻ പറയുമായിരുന്നു. പണം കൊടുത്ത് അഡ്മിഷൻ വാങ്ങിത്തരില്ലെന്നും സ്വന്തം അധ്വാനവും മാർക്കും കൊണ്ട് മാത്രമായിരിക്കണം മുന്നേറേണ്ടതെന്നും അച്ഛൻ കൃത്യമായി ഓർമ്മിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നന്നായി പഠിച്ച് ഗ്രാജുവേഷനും എം.ബി.എയും പൂർത്തിയാക്കാൻ സാധിച്ചുവെന്നും നവ്യ കൂട്ടിച്ചേർത്തു.
ഇന്നത്തെ കുട്ടികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നത് അധ്യാപകർക്ക് വലിയ വെല്ലുവിളിയാണെന്ന് സ്വന്തം മകന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി നവ്യ പറഞ്ഞു. “ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ ആവശ്യമാണ്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ബാത്ത്റൂമുകളിലെ നിയമങ്ങളിലെ വൈവിധ്യം ചൂണ്ടിക്കാട്ടി ജെൻഡർ ഇക്വാലിറ്റിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന മകനാണ് എനിക്കുള്ളത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘ജെൻഡർ ഇക്വാലിറ്റി’യുടെ അർത്ഥം പോലും എനിക്ക് അറിയുമായിരുന്നില്ല. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്ന പുതിയ തലമുറയെയാണ് അധ്യാപകർ ഇന്ന് ഫേസ് ചെയ്യുന്നത്,” താരം വ്യക്തമാക്കി.
വളർന്നുവരുന്ന പുതിയ തലമുറ വളരെ അപകടകരമായ ചില സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. കുട്ടികൾ വീടുകളേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളുകളിലാണെന്നും, ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ‘തൂഫാൻ’ (Toofan) പോലുള്ള പദ്ധതികൾ ഏറെ സന്തോഷം നൽകുന്നതാണെന്നും നവ്യ നായർ കൂട്ടിച്ചേർത്തു.
