Image credit - AI
ഹൈദരാബാദ്: സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. തെലങ്കാന രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാറിനെ (23) ആണ് ആർ.ജി.ഐ.എ (RGIA) പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വിമാനക്കമ്പനിക്കായി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽ നിന്ന് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് 37-കാരിയായ കാബിൻ ക്രൂ അംഗം അക്രമത്തിനിരയായത്. ഉച്ചയ്ക്ക് വിമാനത്താവളത്തിലേക്ക് പോകവെ, ഡ്രൈവറായ പ്രശാന്ത് കുമാർ വാഹനം തെറ്റായ റൂട്ടിലേക്ക് തിരിച്ചുവിടുകയും വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തുകയുമായിരുന്നു.
റൂട്ട് മാറിയത് ചോദ്യം ചെയ്തപ്പോൾ മൂത്രമൊഴിക്കാനാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ പ്രതി, മിനിറ്റുകൾക്കകം തിരിച്ചെത്തി കാറിന്റെ പിൻവാതിൽ തുറന്ന് അകത്തുകയറി പിൻസീറ്റിലിരിക്കുകയായിരുന്ന യുവതിയെ അതിക്രമിക്കുകയായിരുന്നു.
പീഡനശ്രമം ശക്തമായി ചെറുത്ത യുവതി പ്രതിയെ തള്ളിമാറ്റി കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റോഡിലിറങ്ങി ബഹളം വെച്ച് സഹായം തേടിയതോടെ പ്രതി കാറുമായി കടന്നുകളഞ്ഞു. പിന്നീട് വിമാനത്താവളത്തിലെ പോലീസ് ഔട്ട്‌പോസ്റ്റിലെത്തി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, പിറ്റേ ദിവസം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജീവനക്കാരുടെ യാത്രയ്ക്കായി വാടകയ്‌ക്കെടുക്കുന്ന ടാക്സികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പോലീസ് വിമാനക്കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇരയായ ജീവനക്കാരിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സ്വകാര്യ വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
