കോഴിക്കോട്: മുണ്ടുപാലത്തെ വാടകവീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഖ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം വാടകവീട്ടിലെ തറയിൽ കണ്ടെത്തിയത്. സംഭവം സാമ്പത്തിക തർക്കങ്ങളെ തുടർന്നുള്ള കൊലപാതകമാണെന്ന് ഷെരീഖിന്റെ ബന്ധുക്കൾ ആരോപിച്ചു.
സുഹൃത്തുക്കൾ ചേർന്ന് ഷെരീഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പ്രാഥമിക നിഗമനം. നെല്ലിക്കോടുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിച്ച് മർദ്ദിച്ച ശേഷം മൃതദേഹം മുണ്ടുപാലത്തെ വാടകവീട്ടിൽ കൊണ്ടുപോയി തള്ളുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടുദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ ഷെരീഖിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഷെരീഖിന്റെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ മുഹമ്മദ് അഷ്‌റഫിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ എട്ടുമാസമായി ഇരുവരും ഈ മുണ്ടുപാലത്തെ വാടകവീട്ടിലാണ് താമസിച്ചുപോന്നത്.
ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റവും മർദ്ദനവും ഉണ്ടായെന്നും, താനാണ് ഷെരീഖിനെ മർദ്ദിച്ചതെന്നും അഷ്‌റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഷെരീഖിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഷ്‌റഫ് ഫോണിലൂടെ മരണവിവരം പൊലീസിനെ അറിയിച്ചത്. പിന്നീട് ഇയാൾ നേരിട്ട് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഈ പെരുമാറ്റമാണ് പൊലീസിനും നാട്ടുകാർക്കും സംശയം വർധിപ്പിച്ചത്.
വിവരമറിഞ്ഞയുടൻ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെയും കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെയും മരണകാരണത്തിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
