തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻ മണി ദാസിനെതിരെ പൊലീസ് കേസെടുത്തു. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്.
പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ജാൻ മണി ദാസ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. “മോദിയെ ഹിറ്റ്ലർ എന്ന് വിളിക്കാൻ പോലും കഴിയില്ല, ആണുങ്ങളല്ലേ ഹിറ്റ്ലർ ആകൂ, മോദി വേറെന്തോ ആണ്” എന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. പരാമർശം വിവാദമായതോടെ വിവിധ കോണുകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
തുടർന്ന് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ സൈബർ പൊലീസ്, സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
