തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ഒരു ആഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ – ഒഡീഷ തീരത്ത് കരയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കേരളത്തിലും മഴ കനക്കുന്നത്.
നിലവിൽ വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മണിക്കൂറുകളിലെ മുന്നറിയിപ്പ്
കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
-
ഇന്ന്: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
-
നാളെ: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
-
ഈ മാസം 30: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
-
ഈ മാസം 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
തീരദേശവാസികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം (കള്ളക്കടൽ മുന്നറിയിപ്പ്)
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെയും കന്യാകുമാരിയിലെയും തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
-
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ നാളെ പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
-
കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണ ഭീഷണിയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
