കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,155 രൂപയിലെത്തി. പവന് 480 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 4,029.08 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഗോൾഡ് ഫ്യൂച്ചേഴ്സ് നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,028.10 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയവും ഇറാന്റെ യുദ്ധസാഹചര്യങ്ങളുമായിരിക്കും വരുംദിവസങ്ങളിൽ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുക. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാൻ സാധ്യതയില്ലെന്നാണ് 70 ശതമാനം വിപണി വിദഗ്ധരുടെയും വിലയിരുത്തൽ. അതിനാൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളോ ചാഞ്ചാട്ടങ്ങളോ ഉടൻ പ്രതീക്ഷിക്കേണ്ടതില്ല.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റിയും ബോംബെ സൂചികയായ സെൻസെക്സും ഉയർന്നു. നിഫ്റ്റിയിൽ 0.9 ശതമാനം നേട്ടമുണ്ടായപ്പോൾ സെൻസെക്സ് 794 പോയിന്റ് ഉയർന്നു.
എന്നാൽ ഏഷ്യയിലെ മറ്റ് പ്രധാന വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദക്ഷിണ കൊറിയയുടെ കോസ്പി (KOSPI) 8.17 ശതമാനവും ജപ്പാന്റെ നിക്കി (Nikkei) 2.32 ശതമാനവും ഇടിഞ്ഞു. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.53 ശതമാനം താഴ്ന്നപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക നേട്ടമുണ്ടാക്കി.
