ചെന്നൈ: കോളിവുഡിൽ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ, തമിഴ് സിനിമയിലെ മറ്റൊരു സൂപ്പർതാരം കൂടി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. നടൻ ധനുഷ് തന്റെ ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നടത്തിയ പ്രസംഗമാണ് തമിഴകത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
രക്തദാന ക്യാമ്പിലെ വിപ്ലവകരമായ വാക്കുകൾ
ജൂലൈ 25-ന് നടന്ന രക്തദാന ക്യാമ്പിൽ പതിവ് വെളുത്ത ഷർട്ടും മുണ്ടും കഴുത്തിൽ രുദ്രാക്ഷമാലയുമണിഞ്ഞാണ് ധനുഷ് എത്തിയത്. “ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുചേർന്നിരിക്കുന്നു. ഈ ഐക്യത്തിന് വലിയൊരു ശക്തിയുണ്ട്. അതിന് നാം ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്…” എന്ന് ധനുഷ് ആരാധകരോട് പറഞ്ഞു. സിനിമകളുടെ ഓഡിയോ ലോഞ്ചുകളിൽ മാത്രം ഒതുങ്ങാതെ, ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാനും കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും താരം ആഹ്വാനം ചെയ്തു. ‘നിങ്ങളെക്കുറിച്ചോർത്ത് എനിക്ക് കൂടുതൽ അഭിമാനിക്കേണ്ടതുണ്ട്’ എന്ന ധനുഷിന്റെ വാക്കുകൾ വെറുമൊരു ഉപദേശമല്ല, മറിച്ച് ഭാവിയിലെ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ പടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
‘പക്കത്ത് വീട്ട് പയ്യൻ’ ഇമേജും ജനപ്രിയതയും
തമിഴ് സിനിമയിലെ അമാനുഷിക സൂപ്പർഹീറോ ഇമേജുകൾക്ക് പകരം ‘പക്കത്ത് വീട്ട് പയ്യൻ’ (അയൽപക്കത്തെ പയ്യൻ) എന്ന പ്രതിച്ഛായയാണ് ധനുഷിനുള്ളത്. ‘തിരുടാ തിരുടി’യിലെ വാസു, ‘വേലയില്ലാ പട്ടധാരി’യിലെ (VIP) രഘുവരൻ, ‘യാരടി നീ മോഹിനി’, ‘തിരുച്ചിത്തിരമ്പലം’ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊഴിലില്ലായ്മയും മധ്യവർഗ കുടുംബങ്ങളുടെ പോരാട്ടങ്ങളും അവതരിപ്പിച്ച് യുവാക്കളുടെ മനസ്സിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മാത്രമല്ല, ‘ആടുകളം’, ‘അസുരൻ’, ‘പുതുപ്പേട്ടൈ’, ‘കാതൽ കൊണ്ടേൻ’ തുടങ്ങിയ സിനിമകളിലൂടെ വർഗ സംഘർഷങ്ങളും ജാതി യാഥാർത്ഥ്യങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളും അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ബോളിവുഡിന്റെ പരമ്പരാഗത ‘മസിലളവ്’ സങ്കൽപ്പങ്ങളെപ്പോലും തിരുത്തിക്കുറിക്കാൻ ധനുഷിന്റെ സ്വാഭാവിക അഭിനയത്തിന് സാധിച്ചിട്ടുണ്ട്.
ആത്മീയ രാഷ്ട്രീയവും സംഘടനാ ശക്തിയും
എം.ജി.ആറിന്റെ ‘രസികർ മണ്ട്റം’ എ.ഐ.എ.ഡി.എം.കെ യ്ക്കും, വിജയുടെ ‘മക്കൾ ഇയക്കം’ ടി.വി.കെ യ്ക്കും അടിത്തറയായതുപോലെ ധനുഷിന്റെ ‘ഓൾ ഇന്ത്യ ധനുഷ് ഫാൻസ് വെൽഫെയർ അസോസിയേഷൻ’ (DFC) ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേരുകളാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
രജനീകാന്ത് മുൻപ് മുന്നോട്ടുവെച്ച ‘ആത്മീയ രാഷ്ട്രീയത്തിന്റെ’ ഒരു വകഭേദമായിരിക്കും ധനുഷും സ്വീകരിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. പൊതുവേദികളിൽ ‘ഓം നമശിവായ’ എന്ന് പറഞ്ഞ് പ്രസംഗം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ധനുഷിന്റെ ശൈലി അദ്ദേഹത്തിന്റെ തീവ്രമായ ആത്മീയ വിശ്വാസത്തെ വ്യക്തമാക്കുന്നു.
നടൻ, സംവിധായകൻ, നിർമ്മാതാവ് (വണ്ടർബാർ ഫിലിംസ്) എന്നീ നിലകളിൽ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ധനുഷ് ഇപ്പോൾ കടന്നുപോകുന്നത്. ഉടൻ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ പദ്ധതിയില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദീർഘകാല അടിത്തറ നിർമ്മിച്ച് ഭാവിയിൽ ധനുഷ് രാഷ്ട്രീയത്തിൽ ഒരു പ്രധാന ശക്തിയായി മാറിയേക്കുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.
