ജർമനിയിൽ നടന്ന പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര നേട്ടവുമായി മലയാള ചിത്രം ‘നരിവേട്ട’. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പിന്തുണയോടെയുള്ള ‘ഓഡിയൻസ് അവാർഡ്’ കാറ്റഗറിയിലാണ് വിജയികളായത്.
‘ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ’ എന്ന പുരസ്കാരമാണ് പ്രേക്ഷകരുടെ പിന്തുണയോടെ ചിത്രം കരസ്ഥമാക്കിയത്. ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ പുരസ്കാരം ഏറ്റുവാങ്ങി.
‘ഇന്ത്യൻ സിനിമാ കമ്പനി’യുടെ ബാനറിൽ ഇന്ത്യ ജി.സി.സി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു.എ.ഇയിലെ പ്രമുഖ ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ടോവിനോ തോമസിന് പുറമെ തമിഴ് സംവിധായകനും നടനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
