ഹർദോയ് (ഉത്തർപ്രദേശ്): ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയിൽ ഭാര്യയ്ക്കും മറ്റ് രണ്ടുപേർക്കുമെതിരെ ഉത്തർപ്രദേശിലെ ഹർദോയ് പോലീസ് വധശ്രമത്തിന് കേസെടുത്തു. തന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരായ മനോജ് കുമാർ, ഉമാശങ്കർ എന്നിവരുമായി ഭാര്യയ്ക്കുള്ള അനധികൃത ബന്ധമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് 28-കാരനായ യുവാവ് ആരോപിച്ചു.
ജൂലൈ 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2025 നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പുതന്നെ ഭാര്യയ്ക്ക് മനോജ് കുമാർ, ഉമാശങ്കർ എന്നിവരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അവസാനിപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യ അതിന് തയ്യാറായിരുന്നില്ലെന്നും യുവാവ് പറയുന്നു.
രണ്ട് കൂട്ടുപ്രതികളുടെയും നിർദ്ദേശപ്രകാരം ഭാര്യ ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നാണ് പരാതി. ഭക്ഷണം കഴിച്ചയുടൻ യുവാവിന്റെ ആരോഗ്യം മോശമായി. ഇതേസമയത്ത് വീട്ടിലെത്തിയ മനോജ് കുമാറും ഉമാശങ്കറും ചേർന്ന് തന്നെ മർദ്ദിച്ച ശേഷം ഭാര്യയെയും കൂട്ടി അവിടെനിന്ന് കടന്നുകളഞ്ഞതായി യുവാവ് വ്യക്തമാക്കുന്നു.
കുടുംബാംഗങ്ങൾ ഉടൻ തന്നെ യുവാവിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ലഭിച്ച അടിയന്തര ചികിത്സയെ തുടർന്നാണ് യുവാവിന്റെ ജീവൻ തിരിച്ചുകിട്ടിയത്. ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
തുടക്കത്തിൽ പ്രദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തുടർന്ന് ഹർദോയ് എസ്.പി അശോക് കുമാറിനെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. എസ്.പിയുടെ ഇടപെടലിന് പിന്നാലെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂന്നുപേർക്കുമെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
