കോഴിക്കോട്: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. പ്രദേശത്ത് മഴ കനത്തതോടെയാണ് പുഴയിൽ നീരൊഴുക്ക് വർധിച്ച് ചപ്പാത്ത് തകർന്നത്. മഴക്കാലം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് താൽക്കാലികമായി നിർമ്മിച്ച ഈ ചപ്പാത്ത് ഒലിച്ചുപോകുന്നത്.
കൊങ്കൺ റെയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വയനാട്-കോഴിക്കോട് തുരങ്കപാത നിർമാണ സ്ഥലത്തേക്ക് ഉൾപ്പെടെ എത്തിച്ചേരാനുള്ള ഏക വഴിയാണ് ഇതോടെ അടഞ്ഞത്. ചപ്പാത്ത് തകർന്നതോടെ മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സ്കൂളുകളിലേക്കും പോകാനിറങ്ങിയ നിരവധിയാളുകൾ മറുകരയിൽ കുടുങ്ങി.
നിലവിൽ പുഴയിലെ വെള്ളക്കെട്ടും നീരൊഴുക്കും കുറഞ്ഞിട്ടുണ്ടെങ്കിലും തകർന്ന ചപ്പാത്ത് പുനസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തുരങ്കപാത നിർമാണ സാമഗ്രികളും വാഹനങ്ങളും കടത്തിവിടുന്നതിനായി മുൻപുണ്ടായിരുന്ന പഴയപാലം പൊളിച്ച് മാറ്റിയ ശേഷം പുതിയ പാലം നിർമിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും നിർമാണം അനന്തമായി നീളുകയാണ്. ഇതിനെ തുടർന്നുണ്ടായ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനാണ് താത്കാലികമായി ചപ്പാത്ത് ഒരുക്കിയിരുന്നത്.
സ്ഥിരമായ പാലം നിർമാണം വേഗത്തിലാക്കി നാട്ടുകാരുടെയും തൊഴിലാളികളുടെയും യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
