ന്യൂഡൽഹി: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും സ്കൂളുകളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ലെന്നും കേന്ദ്ര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
കേരളത്തിൽ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനം
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. മുൻ സർക്കാർ ഒപ്പുവെച്ച പദ്ധതിയായതിനാൽ ഇനി പിന്മാറുന്നത് പ്രായോഗികമല്ലെന്ന വാദം മുൻനിർത്തിയാണ് മുന്നണി ഇതിന് പച്ചക്കൊടി വീശിയത്. നിലവിലെ സാമ്പത്തിക ഞെരുക്കവും പദ്ധതി നടപ്പാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതി നടപ്പാക്കാൻ മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാൽ ഉടൻ സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറും. സംസ്ഥാന സർക്കാർ പട്ടിക അപ്ലോഡ് ചെയ്ത ശേഷമായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾ അന്തിമമായി തിരഞ്ഞെടുക്കുക.
സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ നിന്ന് രണ്ടു വീതം ആകെ 304 സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെടേണ്ടതുണ്ടെങ്കിലും നിലവിൽ 265 സ്കൂളുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
നിയമനടപടികൾ പിന്നീട്
അതേസമയം, പദ്ധതിയുടെ ഭാഗമായി സിലബസിലോ വിദ്യാഭ്യാസ നയത്തിലോ കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടൽ ഉണ്ടായാൽ അതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ പ്രത്യേക നിയമോപദേശം തേടിയിട്ടില്ല. ഭാവിയിൽ അത്തരം സാഹചര്യമുണ്ടായാൽ നിയമപരമായി നേരിടുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നിലപാട്.
