വയനാട്: ജില്ലയിലുടനീളം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചു മുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
മഴ കനത്തതോടെ ചുരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് മുൻകരുതൽ നടപടിയായി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾ മാത്രമായിരിക്കും നിലവിൽ ചുരത്തിലൂടെ കടത്തിവിടുക.
ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും പ്രത്യേക നിയന്ത്രണമുണ്ടാകും. ജില്ലയിലെ പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയോരങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
