ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി പ്രമുഖ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ചുകൊണ്ട് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകാനൊരുങ്ങുകയാണ് കമ്പനി. ഫ്ലിപ്കാർട്ട് പ്ലസ് (Flipkart Plus) ഉപയോക്താക്കൾക്ക് തങ്ങളുടെ പതിവ് ഷോപ്പിംഗിലൂടെ ഇനി മുതൽ എല്ലാ മാസവും സൗജന്യമായി നെറ്റ്ഫ്ലിക്സ് സേവനം ഉപയോഗിക്കാം.
ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടെ ഉപഭോക്താക്കളെ തങ്ങളിലേക്ക് കൂടുതൽ ആകർഷിക്കാനും നിലനിർത്താനുമാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ ഈ പുതിയ നീക്കം. ആഗസ്റ്റ് ഒന്നു മുതൽ ഈ ഓഫർ ലഭ്യമായിത്തുടങ്ങും. ഇതിനായി ഉപയോക്താക്കൾ പ്രത്യേകം റീച്ചാർജോ സബ്സ്ക്രിപ്ഷൻ തുകയോ നൽകേണ്ടതില്ല.
സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ സ്വന്തമാക്കാം?
ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ ഒരു മാസത്തിനുള്ളിൽ നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കേണ്ടതുണ്ട്:
-
കുറഞ്ഞ ഓർഡർ മൂല്യം: ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, അല്ലെങ്കിൽ കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ (Flipkart Minutes) എന്നിവയിലൂടെ പർച്ചേസ് ചെയ്യാം.
-
ഓർഡറുകളുടെ എണ്ണം: ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള 4 ഓർഡറുകളെങ്കിലും പൂർത്തിയാക്കണം.
-
ഈ യോഗ്യത നേടുന്നതോടെ അതത് മാസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ തികച്ചും സൗജന്യമായി ഉപയോക്താവിന് ലഭിക്കും.
ഇ-കൊമേഴ്സ് രംഗത്ത് ആമസോൺ പ്രൈം അടക്കമുള്ള എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് വേഗത്തിലുള്ള ഡെലിവെറി സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സി’ലേക്ക് കടന്നതിന് പിന്നാലെ ആകർഷകമായ ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
