തിരുവനന്തപുരം: മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളും പുകയുന്ന പശ്ചാത്തലത്തിൽ, ഒരുകാലത്ത് സിനിമാ ലോകം ഒന്നടങ്കം നടത്തിയ പ്രക്ഷോഭത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ മഹേഷ് നായർ. കേന്ദ്രമന്ത്രിക്കും സെൻസർ ബോർഡിനുമെതിരെ അന്ന് പ്രമുഖ സിനിമാ താരങ്ങൾ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന്റെ അപൂർവ്വ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മമ്മൂട്ടി, മോഹൻലാൽ, തിക്കുറിശ്ശി, എം.ജി. സോമൻ, ഉർവശി, കൽപ്പന തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഒന്നടങ്കം പങ്കെടുത്ത സമരത്തിന്റെ ചിത്രം അന്ന് ‘നാന’ മാഗസിനിലാണ് പ്രസിദ്ധീകരിച്ചുവന്നത്.
മഹേഷ് നായരുടെ ഫേസ്ബുക്ക് കുറിപ്പ്
“വർഷങ്ങൾക്ക് മുൻപ്, ഷാജി കൈലാസ് ചിത്രത്തിന്റെ റിലീസ് തടയാൻ സെൻസർ ബോർഡും സർക്കാരും നീക്കം നടത്തിയപ്പോഴാണ് താരങ്ങൾ ഒന്നടങ്കം സമരത്തിനിറങ്ങിയത്. രൺജി പണിക്കർ എഴുതിയ ശക്തമായ ഒരു ഡയലോഗാണ് അതിന് കാരണമായത്. ‘പണ്ടൊരു കുരങ്ങൻ കൊല്ലത്തു നിന്ന് കേന്ദ്രത്തിൽ പോയി’ എന്ന ഡയലോഗ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന കൊല്ലത്തു നിന്നുള്ള എം.പി. എസ്.കൃഷ്ണകുമാറിനെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണത്തോടെ സെൻസർ ബോർഡ് തടസ്സവാദങ്ങൾ ഉന്നയിക്കുകയായിരുന്നു.
ഡയലോഗ് മാറ്റിയില്ലെങ്കിൽ സിനിമയുടെ റിലീസ് തടയുമെന്ന അവസ്ഥ വന്നു. ഇതിനെതിരെ കെ.എസ്.എഫ്.ഡി.സി ആസ്ഥാനവും സെൻസർ ഓഫീസുമായ തിരുവനന്തപുരം വഴുതക്കാടുള്ള മന്ദിരത്തിന് മുൻപിൽ സമരം ചെയ്യുന്ന സിനിമാ പ്രവർത്തകർക്കൊപ്പം എളിയവനായ ഞാനും ഉണ്ടായിരുന്നു,” എന്ന് മഹേഷ് നായർ കുറിച്ചു.
ചിത്രത്തിന് പിന്നാലെ ഡയലോഗ് ചർച്ചയും കമന്റുകളും
മഹേഷ് നായരുടെ പോസ്റ്റ് വന്ന് നിമിഷങ്ങൾക്കകം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
-
സിനിമ കമ്മീഷണറല്ല, ‘ദി കിങ്’ എന്ന് കമന്റുകൾ: മഹേഷ് നായർ പോസ്റ്റിൽ ഷാജി കൈലാസിന്റെ ‘കമ്മീഷണർ’ എന്ന ചിത്രത്തെക്കുറിച്ചാണ് പരാമർശിച്ചതെങ്കിലും, ഈ ഡയലോഗ് ‘ദി കിങ്’ എന്ന സിനിമയിലേതാണെന്ന് പ്രേക്ഷകർ കമന്റുകളിൽ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിൽ നടൻ മുരളി അവതരിപ്പിച്ച കഥാപാത്രം പറയുന്ന “കോന്തൻ കൊല്ലത്ത് പോയതുപോലെ ഒരുത്തൻ കേന്ദ്രമന്ത്രിയായി ഇരുന്നില്ലേ” എന്ന ഡയലോഗാണ് അന്ന് സെൻസർ ബോർഡിന്റെ കണ്ണുരുട്ടലിന് ഇടയാക്കിയതെന്നും ആരാധകർ ഓർമ്മിപ്പിച്ചു.
-
‘അമ്മ’ സംഘടനയിലെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം: നിലവിലെ താരസംഘടനയായ ‘അമ്മ’യിലെ ഭിന്നതകളെ മുൻനിർത്തിയാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. “അന്ന് സിനിമാ പ്രവർത്തകർ കാണിച്ച ആ ഐക്യവും ലാളിത്യവും ഇന്ന് പൂർണ്ണമായും നഷ്ടപ്പെട്ടു,” എന്നും “അന്ന് ഇമ്മാതിരി മാസ്സ് കാണിച്ച് സിനിമാ മേഖലയ്ക്ക് വേണ്ടി ഒന്നിച്ചവർ ഇന്ന് പരസ്പരം തമ്മിലടിക്കുകയാണ്” എന്നും കമന്റുകളിൽ ആളുകൾ കുറിക്കുന്നു.
