കൊച്ചി: ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വർണ വിപണി വീണ്ടും ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 5,602 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ശക്തമായ ഇടിവോടെ 3,940 ഡോളർ വരെ താഴ്ന്നിരുന്നു. എന്നാൽ താഴ്ന്ന നിലവാരത്തിൽ നിന്ന് ഇപ്പോൾ 4,350 ഡോളറിലേക്ക് വില തിരികെ കയറിയിട്ടുണ്ട്. അതായത് 410 ഡോളറിന്റെ (ഏകദേശം 10.4 ശതമാനം) വീണ്ടെടുക്കലാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. എങ്കിലും റെക്കോർഡ് ഉയരത്തിലെത്താൻ ഇനിയും 28.8 ശതമാനം കൂടി വില വർധിക്കേണ്ടതുണ്ട്.
കേരളത്തിലെ വിപണിയിലും വലിയ ചാഞ്ചാട്ടം
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലും വലിയ പ്രതിഫലനമുണ്ടാക്കി. 2026 ജനുവരി 29-നായിരുന്നു കേരളത്തിലെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. തുടർന്ന് ഏഴ് മാസത്തിനിടെ പവന് 28,400 രൂപ വരെ കുത്തനെ ഇടിഞ്ഞ് 1,02,760 രൂപയിലേക്ക് താഴ്ന്നിരുന്നു. റെക്കോർഡ് വിലയിൽ നിന്ന് ഏകദേശം 21.6 ശതമാനത്തിന്റെ ഇടിവാണ് സംസ്ഥാനത്തുണ്ടായത്.
സ്വർണത്തിന് കരുത്തായി യുഎസ് തൊഴിൽ ഡാറ്റ
ഇതിനിടെ പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകൾ സ്വർണ വിലയ്ക്ക് അനുകൂല തരംഗമുണ്ടാക്കി. ജൂലൈയിൽ 85,000 പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 23,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയാണുണ്ടായത്. അതേസമയം, തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
തൊഴിൽ വിപണിയിലെ ഈ ദുർബലത കാരണം യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കൂടുതൽ കർശനമാക്കാനുള്ള സാധ്യത കുറയുകയാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ഭാവിയിൽ പലിശനിരക്കുകളിൽ ഇളവ് പ്രതീക്ഷിക്കുന്നത് സ്വർണത്തിന് അനുകൂല ഘടകമാണ്.
ഇനി നിർണായകം 4,400 ഡോളർ
വിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമാകുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വിലക്കയറ്റം നൽകുന്നത്. ഇനി സ്വർണത്തിന് 4,400 ഡോളർ എന്ന നിരക്ക് നിർണായകമായിരിക്കും. ഈ കടമ്പ കടക്കാൻ സാധിച്ചാൽ സ്വർണം വീണ്ടും പുതിയ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് കുതിക്കും. എന്നാൽ 4,350 ഡോളറിന് മുകളിൽ നിലനിൽക്കാൻ സാധിച്ചില്ലെങ്കിൽ വില വീണ്ടും 3,940 – 4,000 ഡോളർ തലത്തിലേക്ക് താഴാനും സാധ്യതയുണ്ട്.
