ഓവുലേഷൻ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ലൈംഗിക താൽപ്പര്യങ്ങളെക്കുറിച്ച് താൻ നടത്തിയ വിവാദ പ്രസ്താവനയിൽ വ്യക്തതയുമായി സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ഓവുലേഷൻ സമയത്ത് ആരെ കിട്ടിയാലും മതിയെന്ന് തോന്നുമായിരിക്കും എന്ന പ്രസ്താവനയ്‌ക്കെതിരെ സ്ത്രീകളും ഇൻഫ്ലുവൻസർമാരും ഉൾപ്പെടെ വലിയ വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.
അഭിമുഖങ്ങൾ എഡിറ്റ് ചെയ്ത് പ്രൊജക്ട് ചെയ്യുന്നതിലുള്ള പ്രശ്‌നമാണിതെന്നും, ആളുകൾ അത് ഗ്രഹിച്ചതിലാണ് തെറ്റുപറ്റിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. മൈ മീഡിയ ഒറിജിനൽസിന് സന്തോഷ് വർക്കിക്കൊപ്പം (ആറാട്ടണ്ണൻ) നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം.
സംസാരത്തിനിടയിൽ “നമുക്ക്” എന്ന പദം ഉപയോഗിച്ചത് ചുറ്റുമുള്ള മോഡേൺ സ്ത്രീകളെയും അനുഭവങ്ങളെയും ഉദ്ദേശിച്ചാണെന്നും, മുഴുവൻ സ്ത്രീകളെയും ഉദ്ദേശിച്ചല്ലെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. അത് ഭാഷാപ്രയോഗത്തിലുണ്ടായ പ്രശ്‌നമാണ്. വാക്കുകൾ ഉപയോഗിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഈ സംഭവം പഠിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വിവാദങ്ങൾക്കിടയിലും സ്ത്രീകൾ സ്വന്തം സെക്‌ഷ്വാലിറ്റിയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറായത് പോസിറ്റീവായി കാണുന്നുവെന്ന് ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.
താനും സന്തോഷ് വർക്കിയും അക്കാദമിക്കലി ഉയർന്ന ക്വാളിഫിക്കേഷനുള്ളവരാണെന്നും, അതുകൊണ്ടുതന്നെ കാര്യങ്ങളെ സമീപിക്കുന്നതിന്റെ ‘റേഞ്ച്’ വേറെയായിരിക്കുമെന്നും ശ്രീലക്ഷ്മി അവകാശപ്പെട്ടു. എന്നാൽ സമൂഹം ഇത്തരം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങൾക്ക് ചാപ്പ കുത്തുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയവും മറ്റ് സീരിയസ് വിഷയങ്ങളും സംസാരിച്ചാലും ആളുകൾ അത് അവഗണിക്കുകയാണെന്നും, ചരിത്രത്തിലുടനീളം ഇന്റലക്ച്വലായ ആളുകൾക്ക് ഇത്തരം ചാപ്പകുത്തലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് മാറ്റങ്ങളുടെ പ്രക്രിയയുടെ ഭാഗമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമാണെന്നും അത് എല്ലാവർക്കും ബാധകമല്ലെന്നും സന്തോഷ് വർക്കി പ്രതികരിച്ചു. ഫേസ്ബുക്കിലാണ് ഏറ്റവും കൂടുതൽ മോശം വാക്കുകളും തെറിവിളികളും വരുന്നതെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
സാമൂഹിക വിഷയങ്ങളിൽ നിരന്തരം അഭിപ്രായം വ്യക്തമാക്കുന്ന ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടാറുള്ള വ്യക്തി കൂടിയാണ്.
