ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരി’ലൂടെ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ ‘നില’ എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അനുഷ്കയുടെ ലാളിത്യവും പെരുമാറ്റവും തനിക്ക് സമ്മാനിച്ച വലിയ സന്തോഷത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സിദ്ധു പനയ്ക്കൽ. അനുഷ്കയിൽ താൻ മോഹൻലാലിന്റെ പെരുമാറ്റമാണ് കണ്ടതെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലാലേട്ടൻ സിനിമകളിൽ അഭിനയിക്കാൻ എത്തുമ്പോഴും നമ്മളോട് കാണിക്കുന്ന സ്നേഹവും കുശലാന്വേഷണവും എപ്പോഴും സന്തോഷം നൽകുന്നതാണെന്നും അതേ അനുഭവം അനുഷ്കയിൽ നിന്നും ഉണ്ടായപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും സിദ്ധു പനയ്ക്കൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ:
“ഹൈദരാബാദിൽ നിന്നു വന്ന സ്വന്തം കാറിലാണ് അവർ ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ അവരെ സ്വീകരിക്കാൻ നിന്ന എന്നെയും സഹപ്രവർത്തകൻ സജിയെയും അവർക്ക് പരിചയപ്പെടുത്തി. തുടർന്നങ്ങോട്ടാണ് ഒരു ലാലേട്ടനെ അവരിൽ എനിക്ക് ദർശിക്കാൻ ആയത്. ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് ഹസ്തദാനം നൽകി.
ലിഫ്റ്റിൽ തിരക്കായപ്പോൾ ഞങ്ങൾ കയറാൻ മടിച്ചെങ്കിലും, എല്ലാവരെയും ഒതുക്കി നിർത്തി ലഗേജും മാറ്റി ഞങ്ങളെ അതേ ലിഫ്റ്റിൽ കയറാൻ അവർ നിർബന്ധിച്ചു. റൂമിലെത്തിയ അവർ ആദ്യം ചെയ്തത് ബാഗ് തുറന്ന് ഓരോ പാക്കറ്റ് ചോക്ലേറ്റ് ഞങ്ങൾക്ക് സമ്മാനിക്കുകയായിരുന്നു.”
തൃശൂർ ഭാഷ തിരിച്ചറിഞ്ഞു, ആയുർവേദ ചികിത്സയും!
സംസാരശൈലി കേട്ട് തൃശൂരാണോ നാട് എന്ന് അനുഷ്ക ചോദിച്ചപ്പോൾ അത്ഭുതപ്പെട്ടതായി സിദ്ധു കുറിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സംസാരശൈലി തനിക്കറിയാമെന്നും ഒറ്റപ്പാലത്ത് ഇടയ്ക്ക് ആയുർവേദ ചികിത്സയ്ക്ക് വരാറുണ്ടെന്നും അനുഷ്ക വ്യക്തമാക്കി.
തന്റെ മകൻ അശ്വിൻ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ, പിറ്റേന്ന് സെറ്റിലെത്തി അവനെ അങ്ങോട്ട് ചെന്ന് പരിചയപ്പെടാനും അനുഷ്ക തയ്യാറായി.
അന്യഭാഷകളിൽ നിന്ന് എത്തുന്ന പല താരങ്ങളും ഔദ്യോഗികമായി മാത്രം ഇടപെടുമ്പോൾ, വർഷങ്ങളായി പരിചയമുള്ള ഒരാളെപ്പോലെ പെരുമാറിയ അനുഷ്ക ഷെട്ടിയുടെ രീതി വലിയ സന്തോഷം നൽകിയെന്ന് പറഞ്ഞാണ് സിദ്ധു പനയ്ക്കൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. റജനികാന്തിന്റെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഭാനുവാണ് ചിത്രത്തിൽ അനുഷ്കയ്ക്കൊപ്പം എത്തിയിരിക്കുന്നത്.
