ജനപ്രിയ നടിയും ടെലിവിഷൻ താരവുമായ അനുമോളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് വെളിപ്പെടുത്തി നടനും ബിഗ് ബോസ് മുൻ താരവുമായ ഷിയാസ് കരീം. അനുമോളുടെ കല്യാണം ഉടനുണ്ടാകുമെന്ന പ്രചാരണങ്ങളെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ഉറ്റസുഹൃത്തായ ഷിയാസ് ഈ കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഈ വിഷയത്തിൽ അനുമോൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
വിവാഹം ഉടനുണ്ടാകുമെന്നും വരൻ ആരാണെന്ന് അനുമോൾ തന്നെ വ്യക്തമാക്കുമെന്നും ഷിയാസ് പറഞ്ഞു. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ തനിക്ക് അറിയാമെങ്കിലും അത് ഇപ്പോൾ തുറന്നുപറയുന്നത് ശരിയല്ലെന്ന നിലപാടിലാണ് താരം. അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്, പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണസമയത്ത് റിവീൽ ചെയ്യുന്നതാണ് ഭംഗിയെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
വരൻ നടനോ ബിസിനസുകാരനോ അല്ലെന്നും ജോലി ചെയ്യുന്ന വളരെ ഭംഗിയുള്ള ഒരു മനുഷ്യനാണെന്നും ഷിയാസ് മറുപടി നൽകി. സ്റ്റാർ മാജിക് ഷോയിലൂടെ രൂപപ്പെട്ട ആഴത്തിലുള്ള സൗഹൃദമാണ് അനുമോളും ഷിയാസും തമ്മിലുള്ളത്. തനിക്കു കിട്ടിയ അനിയത്തിക്കുട്ടി എന്നാണ് അനുവിനെ ഷിയാസ് വിശേഷിപ്പിക്കാറുള്ളത്. അനുമോൾ ബിഗ് ബോസിൽ ആയിരുന്നപ്പോഴും വലിയ പിന്തുണയുമായി ഷിയാസ് പുറത്തുണ്ടായിരുന്നു.
