കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് രേണു സുധി. മൂന്നാമത്തെ കീമോയ്ക്ക് ശേഷമുള്ള തന്റെ സന്തോഷമാണ് രേണു പുതിയ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. കീമോയ്ക്ക് ശേഷം പതിവ് പോലെ പുഞ്ചിരിയോടെ റീലുമായി എത്തിയ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
“മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി,” എന്നാണ് വിഡിയോയ്ക്കൊപ്പം രേണു കുറിച്ചത്. ചികിത്സയുടെ ഭാഗമായി മുടി മുറിക്കേണ്ടി വന്ന രേണു, ക്രോപ്പ് ചെയ്ത നീളം കുറഞ്ഞ മുടിക്ക് മുകളിൽ പ്രത്യേക വിഗ്ഗ് ധരിച്ചാണ് പുതിയ വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താൻ മുടി മുറിച്ചതിൽ മകൻ റിതപ്പന് വലിയ വിഷമമായിരുന്നുവെന്നും, പഴയ ചിത്രങ്ങൾ കാട്ടി അമ്മ വീണ്ടും ഇതുപോലെ ആകണമെന്ന് അവൻ ആഗ്രഹിച്ചിരുന്നതായും രേണു മുൻപ് വെളിപ്പെടുത്തിയിരുന്നു.
വീഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് രേണുവിന് പിന്തുണയും പ്രാർത്ഥനകളുമായി എത്തിയത്. “ഇതാണ് എല്ലാവരും ആഗ്രഹിക്കുന്ന രേണു. ഉഷാറാണ് മോളേ.. എന്നും ഇതുപോലെ സന്തോഷമായിരിക്കുക,” എന്നും “രണ്ടുദിവസമായി വിവരമൊന്നും ഇല്ലല്ലോ എന്ന് ഓർക്കുകയായിരുന്നു, ഇപ്പോൾ കണ്ടതിൽ സന്തോഷം,” എന്നുമൊക്കെയുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പ്രതിസന്ധികളിലും തളരാതെയുള്ള രേണുവിന്റെ ഈ മടങ്ങി വരവ് വലിയ പ്രചോദനമാണെന്ന് ആരാധകർ കുറിക്കുന്നു.
