മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പം’ ഹിന്ദിയിലേക്ക്. ‘ഹയ്വാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആവേശകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ തന്നെയാണ്. 18 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്.
മലയാളത്തിലെ മൂലകൃതിയിൽ പ്രധാന വേഷം ചെയ്ത മോഹൻലാൽ ഈ ഹിന്ദി പതിപ്പിൽ ഒരു സർപ്രൈസ് അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://youtu.be/hlfz1ep8IL4?si=FhEfnSdkDw23jRtJ
പ്രിയദർശന്റെ തൊട്ടുമുൻപിറങ്ങിയ ‘ഭൂത് ബംഗ്ല’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം കൈവരിച്ചിരുന്നു. പ്രിയദർശന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആഗോള കളക്ഷനായ 120 കോടിയോളമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. അതുകൊണ്ടുതന്നെ ‘ഹയ്വാൻ’ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
