സിനിമാ ചിത്രീകരണത്തിന് ശേഷം കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി കുടുങ്ങിയ നടൻ മമ്മൂട്ടിക്കും സംഘത്തിനും രക്ഷകനായെത്തിയ തമിഴ് ആരാധകന്റെ കഥ പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്. ഗൂഗിൾ മാപ്പ് പോലും കൈവിട്ട രാത്രിയിൽ 10 കിലോമീറ്ററോളം ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് വഴി കാണിച്ചു കൊടുത്ത ‘പാണ്ഡ്യൻ’ എന്ന യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. മമ്മൂട്ടി, ആന്റോ ജോസഫ്, രമേഷ് പിഷാരടി, ജോർജ്, ഡ്രൈവർ ഉണ്ണി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നരയോടെ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് വഴി അറിയാതെ സംഘം അസ്വസ്ഥരായി. ഒരു മണിക്കൂറോളം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പല വഴികൾ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ലൊക്കേഷനിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ച സംഘം, പട്ടമംഗലത്തുള്ള ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി കാര്യം തിരക്കി. ഇതിനിടയിൽ അവിടെ ഉറങ്ങുകയായിരുന്ന ഒരു യുവാവ് കാറിലേക്ക് എത്തിനോക്കുകയും മമ്മൂട്ടിയെ കണ്ട് അത്ഭുതപ്പെടുകയുമായിരുന്നു. “നീങ്ക മമ്മൂട്ടി സാറാ!! എന്നെ ഫോളോ സെയ്…” എന്ന് പറഞ്ഞ് ആവേശത്തോടെ അയാൾ സ്വന്തം ബൈക്കിൽ ഗൂഗിൾ മാപ്പിൽ പോലുമില്ലാത്ത വഴികളിലൂടെ 10 കിലോമീറ്ററോളം സഞ്ചരിച്ച് സംഘത്തെ പ്രധാന റോഡിലെത്തിച്ചു.
സഹായത്തിന് നന്ദിയ സൂചകമായി കാറിൽ നിന്നിറങ്ങിയ മമ്മൂട്ടി, യുവാവിനെ ചേർത്തുപിടിക്കുകയും ഫോട്ടോ എടുക്കാൻ അവസരം നൽകുകയും ചെയ്തു. ‘പാണ്ഡ്യൻ’ എന്നാണ് തന്റെ പേരെന്നും അയാൾ പറഞ്ഞു. ഈ അനുഭവത്തെക്കുറിച്ച് ആന്റോ ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.
#Mammootty #AntoJoseph #RameshPisharody #MammoottyKampany #KeralaNews #CinemaNews #MalayalamCinema #ViralStory #Pandyan
