കോഴിക്കോട്: നിപ ഉൾപ്പെടെയുള്ള ഗുരുതരമായ സാംക്രമിക രോഗ ഭീഷണികൾ നിലനിൽക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ ഇൻഫെക്ഷ്യസ് ഡിസീസ് (സാംക്രമിക രോഗ) വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു. കഴിഞ്ഞ നാല് വർഷമായി ഈ വിഭാഗത്തിൽ ഒരു ഡോക്ടറെ പോലും നിയമിച്ചിട്ടില്ല.
ഗുരുതരമായ അണുബാധയേറ്റവർ, എച്ച്.ഐ.വി ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർക്ക് പ്രത്യേക പരിചരണവും ചികിത്സയും ഉറപ്പാക്കേണ്ട പ്രധാനപ്പെട്ട വിഭാഗമാണിത്. നിപ, മസ്തിഷ്കജ്വരം, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങൾ മേഖലയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട വകുപ്പിൽ ഡോക്ടർമാരില്ലാത്തത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നു.
നേരത്തെ ഈ വിഭാഗത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെ തസ്തികകളിൽ ഒന്ന് പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. നിലവിലുള്ള ഏക തസ്തികയിലും നിയമനം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. പി.എസ്.സി.യുടെ സാങ്കേതിക തടസ്സങ്ങളാണ് നിയമനം വൈകാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
നിലവിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് സാംക്രമിക രോഗികളെയും ചികിത്സിക്കുന്നത്. സാംക്രമിക രോഗങ്ങൾക്ക് പുറമെ എച്ച്.ഐ.വി ബാധിതരെ കൂടി ചികിത്സിക്കേണ്ടി വരുന്നത് ജനറൽ മെഡിസിൻ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കിയിരിക്കുകയാണ്. എത്രയും വേഗം ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
#Kozhikode #KozhikodeMedicalCollege #KeralaHealth #InfectiousDiseases #NipahVirus #MedicalNewsMalayalam #KeralaPublicHealth #DoctorShortage
