തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. സന്നിധാനം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് അനുമതി നിഷേധിച്ചത്.
ചിത്രീകരണത്തിനായി ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. സന്നിധാനത്ത് വിലക്കുണ്ടെങ്കിലും പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ പരിധിയിൽ ഷൂട്ടിംഗിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ നാളെ ചിത്രീകരണം ആരംഭിക്കും.
ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മീര ജാസ്മിനാണ് നായിക. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
‘തുടരും’ എന്ന വമ്പൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസാണ്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.
Athimanoharam Mohanlal Tarun Murthy Sabarimala Shooting Permission Meera Jasmine Ashiq Usman Productions Malayalam Cinema News
