കോഴിക്കോട്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടക്കാവ് എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തിയത്. കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ റോഡിൽനിന്ന് ബഹളം വെക്കുകയായിരുന്ന സുജിത്തിനെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് ഇയാൾ എസ്.ഐ ഷിബുവിനെ കഠിനമായി ചവിട്ടിവീഴ്ത്തി.
ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്.ഐക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
#KozhikodeNews #NadakkavuPolice #PoliceAttack #Kozhikode #KeralaPolice #CrimeNews #KeralaNews
