ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വാഴ 2’ വിന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഞൊടി’യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വെച്ച് നടന്നു. നവാഗതനായ ജെ.എസ്. ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘വാഴ’, ‘എക്കോ’, ‘വാഴ 2’ എന്നീ വിജയ ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് ‘ഞൊടി’ തിയേറ്ററുകളിൽ എത്തിക്കുന്നത്.
വ്യത്യസ്തമായ ഡിസൈനും കൗതുകം ഉണർത്തുന്ന ടാഗ്ലൈനും കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ തരംഗമായിരുന്നു. പോസ്റ്ററിലെ സൂചനകൾ വെച്ച് ചിത്രം ഒരു ടൈം ലൂപ്പ് പ്രമേയത്തിലുള്ളതാണോ എന്ന ചർച്ചയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
Njodi Movie
-
Hashir
-
Lukman Avaran
-
Chandhu Salimkumar
-
JS Jithin
-
Mollywood News
