കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം വർഷ ബി.ബി.എ. വിദ്യാർഥിക്കെതിരെ കേസ്. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസാണ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെ കോളജിൽ നിന്ന് പുറത്താക്കി.
കോളജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത ശേഷം ടെലഗ്രാം, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വിദ്യാർഥി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സഹപാഠികളാണ് ആദ്യം കോളജ് അധികൃതർക്ക് പരാതി നൽകിയത്.
കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതി (Internal Complaints Committee) വിഷയം അന്വേഷിക്കുകയും സംഭവം അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയെ ഡിസ്മിസ് ചെയ്യുകയുമായിരുന്നു. തുടർന്ന് കോളജ് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും വിദ്യാർഥിയുടെ ഫോൺ അടക്കമുള്ള തെളിവുകൾ കൈമാറുകയും ചെയ്തു.
2025 ഡിസംബർ മുതൽ ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു വരികയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും, ഇരയായവരുടെ മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.
#KochiNews #Thrikkakara #BharatMataCollege #CyberCrime #KeralaPolice #MalayalamNews
