തിരുവനന്തപുരം/ഗുരുവായൂർ: സംസ്ഥാനത്തുടനീളം ഇന്ന് ശ്രീകൃഷ്ണജയന്തി (അഷ്ടമിരോഹിണി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ ശോഭായാത്രകൾ നാടെങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ പ്രധാന ശോഭായാത്ര വൈകിട്ട് 4 മണിക്ക് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കും. മേയർ വി.വി. രാജേഷ് ശോഭായാത്ര ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ ഉറിയടി നടന്നിരുന്നു. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി നാളിൽ ആഘോഷിക്കുന്ന ഈ ദിനത്തിൽ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം അവതാരപൂജ ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകളും ഭക്തജന തിരക്കും അനുഭവപ്പെടുന്നുണ്ട്.
ഗുരുവായൂരിൽ പിറന്നാൾ സദ്യയും വിശേഷാൽ ചടങ്ങുകളും
ഗുരുവായൂർ ക്ഷേത്രത്തിലും ആഘോഷങ്ങൾ വിപുലമായി നടക്കുകയാണ്. പുലർച്ചെ 3 മണിക്ക് നടതുറന്ന് നിർമ്മാല്യവും വാകച്ചാർത്തും നടന്നു.
-
കാഴ്ചശീവേലി: രാവിലെ 7നും ഉച്ചയ്ക്ക് ശേഷം 3നും നടക്കുന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം എഴുന്നള്ളിക്കും.
-
മേളപ്പെരുക്കം: രാവിലെ തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ എന്നിവരുടെ പഞ്ചാരിമേളവും ഉച്ചയ്ക്ക് ശേഷം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പഞ്ചവാദ്യവും അകമ്പടിയാകും.
-
സന്ധ്യാ പൂജകൾ: സന്ധ്യയ്ക്ക് നിറമാല, കേളി, ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പിന് നെന്മാറ കണ്ണന്റെ നേതൃത്വത്തിൽ നാഗസ്വര ഇടയ്ക്ക പ്രദക്ഷിണം എന്നിവയും നടക്കും.
ഭക്തർക്കായി ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും കൃഷ്ണനാട്ടം ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Sreekrishna Jayanti Sree Krishna Jayanthi 2026 Sobhayathra Guruvayur Temple Thiruvananthapuram News Janmashtami Kerala Guruvayur Ekadasi and Festival News Balagokulam Kerala News
