“മമ്മൂക്ക കരഞ്ഞാൽ നമ്മളും കരയും, ചിരിച്ചാൽ നമ്മളും ചിരിക്കും…” പ്രേക്ഷകഹൃദയങ്ങളോട് മമ്മൂട്ടി എന്ന നടനുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന വരികളാണിത്. സ്ക്രീനിൽ അദ്ദേഹം അനുഭവിക്കുന്ന വേദനയും സന്തോഷവും ഒരുപോലെ സ്വന്തം ജീവിതത്തിലേക്ക് ഏറ്റെടുക്കുന്ന മലയാളികൾക്ക് ഇന്ന് ആഘോഷദിനമാണ്. മലയാള സിനിമയുടെ അമരക്കാരനായ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം.
പ്രായം എത്ര പിന്നിട്ടാലും അഭിനയത്തിൽ അതിരുകളില്ലെന്ന് ഓരോ കഥാപാത്രത്തിലൂടെയും അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ‘സൂര്യമാനസ’ത്തിലെ പവിത്രന്റെ നിഷ്കളങ്കതയും, ‘വാത്സല്യ’ത്തിലെയും ‘അപ്പൂസിന്റെ സ്വന്തം അപ്പൂസി’ലെയും സ്നേഹമസൃണമായ അച്ഛൻ ഭാവങ്ങളും, ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിന്റെയും ‘കാഴ്ച’യിലെ മാധവന്റെയും നോവുകളും മലയാളി നെഞ്ചേറ്റിയവയാണ്. ‘അമര’ത്തിലെ അച്ചൂട്ടി, ‘മൃഗയ’യിലെ വാറുണ്ണി, ‘ഹിറ്റ്ലർ’, ‘പ്രാഞ്ചിയേട്ടൻ’, ഒടുവിൽ ‘കാതൽ’ വരെയുള്ള കഥാപാത്രങ്ങളിലൂടെ വികാരങ്ങളുടെ സൂക്ഷ്മതലങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
കാലം മാറുമെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ മലയാളികൾക്ക് വെറും അഭിനയമല്ല; അത് തങ്ങളുടെ സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരുടെ മുഖങ്ങളാണ്. ഓരോ കാലഘട്ടത്തിനും അനുയോജ്യമായ കഥാപാത്രങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടുകൊണ്ട് മലയാള സിനിമയുടെ തലപ്പത്ത് ഇന്നും തലയുയർത്തി നിൽക്കുന്ന പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ആരാധകരും ചലച്ചിത്ര ലോകവും ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
#Mammootty #MammoottyBirthday #MalayalamCinema #Mollywood #HappyBirthdayMammootty #Mammookka #KeralaCinema #ActorMammootty
