മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം. സതീശന്റെ പ്രതികരണം കുരുടൻ ആനയെ കണ്ടതു പോലെയായെന്ന്, ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലെഴുതിയ വ്യക്തിവിചാരം കോളത്തിൽ പത്രം ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായത്തിലെ ചിലർ ബോധപൂർവം നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സതീശന്റെ പ്രതികരണമെന്നും മാധ്യമ വിചാരണകളിൽ ഇസ്ലാമിലെ സ്ത്രീ സങ്കൽപ്പത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു.
അതേസമയം, മതത്തിന്റെ പേരിൽ സ്ത്രീകളുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ചാവക്കാട് നടന്ന ഐഎസ്എം (ISM) വെളിച്ചം സംസ്ഥാന സംഗമത്തിലെ വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനകൾ ഗൗരവത്തോടെ കാണണമെന്നും മതപണ്ഡിതന്മാർ ഇത്തരം വിഷയങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്നും കെഎൻഎം പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, എംജിഎം പ്രസിഡന്റ് സുഹറ മമ്പാട് എന്നിവർ ആവശ്യപ്പെട്ടു.
സ്ത്രീശാക്തീകരണ കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാൽ, ഒരു പ്രസ്താവനയുടെ പേരിൽ മാത്രം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ഫാത്തിമ തഹ്ലിയ എംഎൽഎയും വ്യക്തമാക്കി.
#KanthapuramAPAbubackerMusliyar #VDSathesan #Samastha #KeralaPolitics #SunnyJoseph #FathimaThahiliya #ISM #MalayalamNews #KPCC #KeralaNews
