വടകര: ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള പോലീസ് നിർദേശത്തിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ലിങ്ക് റോഡിലേക്ക് മാറ്റിയ ബസുകൾ, ഓണം കഴിഞ്ഞതോടെ വീണ്ടും പഴയ സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. രാവിലെയോടെ പ്രഖ്യാപിച്ച പണിമുടക്ക് കാരണം ഇരിങ്ങൽ, കോട്ടക്കൽ, പയ്യോളി, പേരാമ്പ്ര റൂട്ടുകളിൽ സർവീസുകൾ മുടങ്ങി യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായി.
പണിമുടക്കറിയാതെ സ്റ്റാൻഡുകളിലെത്തിയ നിരവധി യാത്രക്കാർ, പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താത്ത ചെറിയ സ്റ്റോപ്പുകളിലേക്ക് പോകേണ്ടവർ, മണിക്കൂറുകളോളം വലഞ്ഞു. തുടര്ന്ന് പ്രശ്നപരിഹാരത്തിനായി ഡിവൈ.എസ്.പി കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികളും ബസ് ഉടമകളുമായി അടിയന്തര യോഗം ചേർന്നു.
യോഗത്തിലെ തീരുമാനപ്രകാരം പയ്യോളി റൂട്ടിലെ ബസുകൾക്ക് വീണ്ടും ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവീസ് നടത്താൻ താൽക്കാലിക അനുമതി നൽകി. സ്ഥിരമായ ഗതാഗത പരിഹാരത്തിനായി വരുന്ന 14-നകം വീണ്ടും ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി. എ.പി. ഹരിദാസൻ, സൽവ കുഞ്ഞമ്മദ്, ജിജു കുമാർ എടവലത്ത് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
#Vadakara #BusStrike #VadakaraNews #KeralaTraffic #KozhikodeNews #MalayalamNews
