നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കാലത്ത് പോലീസിൽ നിന്നും തനിക്ക് കടുത്ത അനീതി നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി നടൻ ദിലീപ്. കേസിന്റെ പേരിൽ തനിക്കെതിരെ പലവിധ നീക്കങ്ങൾ നടത്തിയ പോലീസ്, തന്നെ ഒറ്റപ്പെടുത്തുന്നതിനായി തന്റെ ഡോക്ടറെപ്പോലും കേസിൽ ബലിയാടാക്കിയെന്ന് ദിലീപ് ആരോപിച്ചു. ആലുവയിൽ ഡോ. സി.എം. ഹൈദരാലിയുടെ ആശുപത്രിയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് താരം വിചാരണക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്.
കേസുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ ആദ്യമായാണ് ദിലീപ് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത്.
ദിലീപിന്റെ വാക്കുകൾ:
“എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്താൻ, ഒരു ഐലൻഡ് പോലെയാക്കാൻ വേണ്ടി കുറച്ച് പോലീസുകാർ ചേർന്ന് പല പരിപാടികളും ഒപ്പിച്ചു. അതിന്റെ ഭാഗമായി പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. വായിൽ തോന്നിയ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ എട്ട്-ഒമ്പത് വർഷക്കാലം നമ്മൾ ജീവിച്ചത്.”
തന്റെ പേരിലുണ്ടായിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് വഴി നിർദ്ധനർക്ക് നൽകിയിരുന്ന സഹായങ്ങളെപ്പോലും പോലീസ് തെറ്റായി വ്യാഖ്യാനിച്ചെന്നും ദിലീപ് പറഞ്ഞു. ആർക്കെങ്കിലും സഹായം ചെയ്താൽ അത് പണം കൊടുത്തുവാങ്ങിയതാണെന്ന് പോലീസ് ആരോപിച്ചതിനെ തുടർന്ന് ട്രസ്റ്റിന്റെ പ്രവർത്തനം ഫ്രീസ് ചെയ്യേണ്ടി വന്നതായും താരം വ്യക്തമാക്കി.
2017-ൽ കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചിരുന്നു. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും ലഭിച്ച കേസിൽ, എട്ടാം പ്രതിയായിരുന്ന ദിലീപ് ഉൾപ്പെടെയുള്ളവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിടുകയായിരുന്നു. ദിലീപിനെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
