ഡിറ്റർജന്റുകളും രാസവസ്തുക്കളും ഉപയോഗിച്ച് നിർമിക്കുന്ന ‘സിന്തറ്റിക് പാൽ’ വിപണിയിലെത്തുന്നതിനെതിരെ ഗുരുതര മുന്നറിയിപ്പുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തുക്കാറാം മുന്ധെ. സ്‌കിമ്മ്ഡ് മിൽക്ക് പൗഡർ, കെമിക്കലുകൾ, കോസ്റ്റിക് സോഡ, ഷാംപൂ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കൃത്രിമ പാൽ നിർമിക്കുന്നതെന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി.
കുറഞ്ഞ ചെലവിൽ നിർമിക്കാൻ സാധിക്കുമെന്നതാണ് മായം ചേർക്കൽ റാക്കറ്റുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. പശുവിൻ പാലിന് സമാനമായ കൃത്രിമ പാൽ നിർമിക്കാൻ ലിറ്ററിന് 15 രൂപയും, എരുമപ്പാലിന് സമാനമായതിന് 30 രൂപയും മാത്രമേ ചെലവ് വരുന്നുള്ളൂ. സാധാരണ പശുവിൻ പാലിന് ലിറ്ററിന് 40 മുതൽ 50 രൂപ വരെ വിലയുള്ളപ്പോൾ, യഥാർഥ പാലിലേക്ക് ഈ കൃത്രിമ പാൽ കലർത്തി വൻലാഭമാണ് ഇവർ കൊയ്യുന്നത്. ഇത് വെറുമൊരു നിയമലംഘനം മാത്രമല്ല, നികൃഷ്ടമായ കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശേഖരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മായം ചേർക്കൽ
പാൽ ശേഖരണ കേന്ദ്രങ്ങളിലും ശീതീകരണ (Chilling) കേന്ദ്രങ്ങളിലും വിവിധ ഘട്ടങ്ങളായാണ് മായം കലർത്തൽ നടക്കുന്നത്. ഈ പാലാണ് പിന്നീട് പ്രമുഖ ഡയറികളിലേക്കും മറ്റ് പാലുല്പന്ന നിർമാണ യൂണിറ്റുകളിലേക്കും വിതരണം ചെയ്യപ്പെടുന്നത്. ഈ റാക്കറ്റിന്റെ വേരുകൾ കണ്ടെത്തിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കൂ.
തടയാൻ നിർദേശിക്കുന്ന മാർഗങ്ങൾ:
-
കൃത്യമായ രേഖകൾ: ഓരോ ശേഖരണ കേന്ദ്രത്തിലും പാൽ നൽകുന്ന കർഷകൻ, കർഷകന്റെ പക്കലുള്ള കന്നുകാലികളുടെ എണ്ണം, നൽകിയ പാലിന്റെ അളവ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
-
ഡിജിറ്റൽ ട്രാക്കിംഗ്: ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പാലിന്റെ വിതരണ ശൃംഖല നിരീക്ഷിച്ചാൽ സംശയാസ്പദമായ നീക്കങ്ങൾ വേഗത്തിൽ കണ്ടെത്താനാകും.
മഹാരാഷ്ട്രയിൽ നിലവിൽ ഇത്തരത്തിലുള്ള രേഖകൾ കർശനമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
