മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നു. രാജ്യത്ത് സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. ഒമാന്റെ സാമ്പത്തിക വളർച്ചയും തൊഴിൽ വിപണിയുടെ സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിലായിരിക്കും നിയമത്തിലെ പുതിയ ഭേദഗതികൾ.
സ്വകാര്യ മേഖലയിൽ ഒമാനി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് മന്ത്രാലയം പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. പുതിയ സംവിധാനങ്ങളിലേക്ക് മാറാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയപരിധി മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങളും ചട്ടങ്ങളും വിലയിരുത്തുന്നതിനായി ശൂറാ കൗൺസിൽ പ്രത്യേക യോഗം ചേർന്നു. ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സെയ്ദ് ബിൻ ഹമദ് അൽ സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിൽ മന്ത്രി ഡോ. മഹ്ദ് ബിൻ സഈദ് ബാഅ്വിൻ ഭേദഗതികളെക്കുറിച്ച് വിശദീകരിച്ചു. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുന്നോടിയായി തൊഴിലുടമകൾക്കും നിക്ഷേപകർക്കും പ്രവാസി തൊഴിലാളികൾക്കുമായി വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
