കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ആഗോള വിപണിയിലെ വിലക്കുറവിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഇന്നത്തെ ഇടിവോടെ ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില എത്തിയത്.
ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10,930 രൂപയായി. തുടർച്ചയായ ദിവസങ്ങളിലെ വിലക്കുറവ് ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമാകുകയാണ്.
തിങ്കളാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വർണവില ഉയർന്നിരുന്നു. രാവിലെ 1,07,440 രൂപയായിരുന്ന പവൻ വില വൈകിട്ടോടെ 1,08,520 രൂപയിലെത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച രണ്ട് ഘട്ടങ്ങളിലായി വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 1,520 രൂപയും പിന്നീട് 960 രൂപയും കുറഞ്ഞിരുന്നു.
ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതും ആഗോള സ്വർണ വിപണിയിലെ സമ്മർദവുമാണ് നിലവിലെ വിലക്കുറവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ അനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
