കണ്ണൂർ: ഈ വർഷത്തെ ശക്തമായ കാലവർഷത്തോടെ, സഞ്ചാരികൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ച് കണ്ണൂരിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ പാലുകാച്ചി മല സജീവമാകുന്നു. മേഘങ്ങൾ കൈയെത്തും ദൂരത്ത് ഒഴുകിനീങ്ങുന്നതും, കോടമഞ്ഞ് മലമുകളെ വെള്ളപ്പുതപ്പുപോലെ പൊതിയുന്നതുമായ മനോഹരമായ കാഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വനത്തിന്റെ നിശബ്ദതയും തണുത്ത കാറ്റും ഒത്തുചേരുന്ന പാലുകാച്ചി മല പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,340 അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്.
കാട്ടിലൂടെയുള്ള ട്രെക്കിങ്ങും 360 ഡിഗ്രി ദൃശ്യവിരുന്നും
ഐതിഹ്യ പെരുമയേറെയുള്ള പാലുകാച്ചി മല ഓരോ കാലാവസ്ഥയിലും വ്യത്യസ്ത ഭാവങ്ങളിലാണ് സഞ്ചാരികൾക്ക് മുന്നിൽ വിസ്മയമൊരുക്കുന്നത്. സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാട്ടുപാതയിലൂടെ നടന്ന് വേണം മലമുകളിലെത്താൻ. കൂറ്റൻ മരങ്ങൾ തണൽവിരിച്ച വനപാതയും വള്ളിപ്പടർപ്പുകളും പുൽമേടുകളും ഇവിടുത്തെ യാത്രാനുഭവം കൂടുതൽ മനോഹരമാക്കുന്നു. അപൂർവയിനം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളും പ്രകൃതിനിരീക്ഷകർക്ക് ഇവിടെ വലിയൊരു കൗതുകമാണ്.
മലമുകളിലെത്തിയാൽ പശ്ചിമഘട്ടത്തിന്റെ 360 ഡിഗ്രിയിലുള്ള അതിമനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുക. താഴ്വാരങ്ങളെ തലോടി ഒഴുകുന്ന കോടമഞ്ഞും, പച്ചപ്പിന്റെ അനന്തവിശാലതയും, ദൂരെയുള്ള ആറളം – കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും, കേളകം – കൊട്ടിയൂർ ടൗണുകളും കൊട്ടിയൂർ ക്ഷേത്രവുമെല്ലാം ചേർന്ന് അപൂർവമായൊരു ദൃശ്യവിരുന്ന് സമ്മാനിക്കും. മഴത്തുള്ളികൾ മുഖത്തേക്ക് പതിക്കുമ്പോൾ മേഘങ്ങൾക്കിടയിൽ നിൽക്കുന്ന അനുഭവം സഞ്ചാരികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറും.
യാത്രാവഴികളും സന്ദർശന സമയവും:
-
വഴികൾ: കേളകം ടൗണിൽ നിന്ന് അടയ്ക്കാത്തോട്-ശാന്തിഗിരി വഴി പാലുകാച്ചിയിലെത്താം. കൂടാതെ കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് വഴികളുണ്ട്.
-
ടിക്കറ്റ് നിരക്ക്: വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ പ്രവേശിക്കാൻ ബേസ് ക്യാമ്പിൽ നിന്ന് ടിക്കറ്റ് എടുക്കണം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്.
-
സമയം: രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വനംവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദേശം: വനമേഖലയായതിനാൽ വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ വനപാതയിൽ അട്ടയുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ മുൻകരുതലായി സാനിറ്റൈസറോ ഉപ്പോ കയ്യിൽ കരുതണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
